കോഴിക്കോട്: 25 മുതല്‍ 31 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വെല്‍ഫെയര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. എന്‍ഐടി ഗ്രൗണ്ടിന് സമീപമുള്ള സംഘാടക സമിതി ഓഫിസില്‍ ചേര്‍ന്ന യോഗം വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കെ.കെ. രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മേളയില്‍ പങ്കെടുക്കുന്ന പതിനായിരത്തോളം വരുന്ന മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യലുകള്‍ക്കും കാണികള്‍ക്കും സുരക്ഷിതവും സുലഭവുമായ കുടിവെള്ളം ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. കോഴിക്കോട് എന്‍ഐടി ഗ്രൗണ്ട് പ്രധാന വേദിയായും പരിസര പ്രദേശങ്ങളിലെ വിവിധ മൈതാനങ്ങള്‍ മറ്റു വേദികളായുമാണ് ഇത്തവണത്തെ കായികമേള സംഘടിപ്പിക്കുന്നത്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കുടിവെള്ള വിതരണം നടത്തുക. ഇതിനായി മണ്‍കൂജകളും തണ്ണീര്‍ കൂജകളും സജ്ജീകരിക്കുമെന്നും ഇതിനാവശ്യമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയായതായും യോഗം വിലയിരുത്തി.
കായികമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയും സജീവമായി രംഗത്തുണ്ട്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ എത്തുന്ന കലാപ്രതിഭകളെ സ്വീകരിച്ച് കലോത്സവ വേദിയിലെത്തിക്കാന്‍ ഇരുന്നൂറോളം ബസുകളും മറ്റ് ചെറിയ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെയും എസ്കോര്‍ട്ട് അധ്യാപകരെയും താമസ, ഭക്ഷണ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയും രൂപീകരിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി യോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഫാത്തിമ തഹ്ലിയ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.
ചാത്തമംഗലം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സലീം കുന്നത്ത് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ കമ്മിറ്റി യോഗത്തില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ് അധ്യക്ഷത വഹിച്ചു.